ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രങ്ങൾ പുതിയ എഐസിസി ആസ്ഥാനത്ത് ഇടംപിടിച്ചു. ബിജെപിയുടെ നിരന്തര വിമർശനത്തിനിടയിലാണ് നരസിംഹ റാവുവിൻ്റെ ചിത്രങ്ങൾ എഐസിസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഇടം പിടിച്ചതെന്നതാണ് ശ്രദ്ധേയം.
മുൻ പ്രധാനമന്ത്രിയുടെ നാല് ചിത്രങ്ങളാണ് പുതിയ എഐസിസി മന്ദിരത്തിൽ ഇടംപിടിച്ചത്. റാവു ചെയറിൽ ഇരിക്കുന്ന ചിത്രം, സൗത്ത് കൊറിയൻ പ്രസിഡന്റിനെ സ്വീകരിക്കുന്ന ചിത്രം, രാജീവ് ഗാന്ധിക്കൊപ്പം ഇരിക്കുന്ന ചിത്രം, സോണിയ ഗാന്ധിക്കൊപ്പം ഇരിക്കുന്ന ചിത്രം തുടങ്ങിയ നാല് ചിത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ പഴയ ആസ്ഥാനമന്ദിരത്തിലും നരസിംഹ റാവുവിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. 2004ൽ നരസിംഹ റാവു ആന്തരിച്ചപ്പോൾ മൃതദേഹം ആസ്ഥാനമന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നില്ല. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ബിജെപി വലിയ ആരോപണങ്ങൾ ഉയർത്തിവിട്ടിരുന്നു.
ജനുവരി 15നാണ് പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്‌ഘാടനം നടന്നത്. ഇന്ദിര ഭവൻ എന്നാണ് പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേര്. കോൺഗ്രസ് പതാക ഉയർത്തി മല്ലികാർജുൻ ഖർഗെയാണ് പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സോണിയ ഗാന്ധി നാടമുറിക്കുകയും മല്ലികാർജുൻ ഖർഗെ ദീപം തെളിയിക്കുകയും ചെയ്തിരുന്നു. 9 എ, കോട്ട്‌ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം. പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം 200 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്തിരുന്നു.
Content Highlights: Narasmiha rao pictures at new congress headquarters