മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫയര്‍എസ്‌കേപ്പ് പടികള്‍ വഴി വീടിനുള്ളിലേയ്ക്ക് കയറുന്ന പ്രതിയാണ് ദൃശ്യത്തിലുള്ളത്. സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷം ഇയാള്‍ ഇതേ പടികള്‍ ഇറങ്ങി രക്ഷപ്പെടുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു.
ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ അക്രമി എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിന് ആറ് തവണ കുത്തേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
സെയ്ഫിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയത്. കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.
Content Highlights- There is no arrest in saif ali khan attack case says bandra police