ബെംഗളൂരു: മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു. തുടർച്ചയായി ദിവസങ്ങളോളം ക്യാംപസിൽ അരിച്ച് പെറുക്കിയിട്ടും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പുലിയെ പിടികൂടാനുള്ള ദൗത്യം കർണാടക വനംവകുപ്പ് അവസാനിപ്പിച്ചു.
കഴിഞ്ഞ ഡിസംബർ 31നായിരുന്നു ഹെബ്ബാൾ വ്യവസായ മേഖലയിലുള്ള ഇൻഫോസിസ് ക്യാംപസിൽ പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യ സേന ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് പുലിയെ കണ്ടെത്താനായിഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്പസാകെ അരിച്ചുപെറുക്കി പരിശോധിക്കാൻ തീരുമാനിച്ചത്.
ക്യാംപസിൽ പുലി ഇറങ്ങിയതിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ഇവിടെ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൗകര്യം ഏർപ്പെടുത്തിയിരുന്നു. ക്യാംപസിൽ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന ജീവനക്കാരെ ജനുവരി 26വരെ ബെംഗളൂരുവിലെ ക്യംപസിലേയ്ക്ക് മാറ്റിയിരുന്നു. മൈസൂരു ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് ക്യാമ്പസിൽ പുലിക്കായി തിരച്ചിൽ നടത്തിയത്. പുലിയെ കണ്ടതിനെത്തുടർന്ന് ക്യാമ്പസികത്ത് 12 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
Content Highlights: Tiger that entered the Mysore Infosys campus could not be found search mission has been terminated