മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിയതിൻ്റെ മൂന്നാമത്തെ ദിവസമാണ് പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ അക്രമിയുടേതായി പുറത്ത് വന്ന ചിത്രങ്ങളിൽ ധരിച്ചിരുന്ന വസ്ത്രമല്ല പുതിയതായി പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളുള്ളത്.
ആക്രമണം നടന്നതിൻ്റെ പിറ്റേദിവസം പുറത്ത് വന്ന ചിത്രത്തിൽ അക്രമകാരി നീല നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരുന്നത്. എന്നാൽ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ ആക്രമണം നടത്തിയ ദിവസത്തെ ചിത്രങ്ങളിൽ പ്രതി കറുത്ത ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രങ്ങളിൽ പ്രതി ധരിച്ചിരിക്കുന്നത് മഞ്ഞ ടീ ഷർട്ടാണ്.
അക്രമി ബാന്ദ്രയിൽ നിന്നും ട്രെയിൻ മാർഗം മുംബൈയിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും സഞ്ചരിച്ചിരിക്കാമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി വ്യത്യസ്ത പൊലീസ് സംഘങ്ങൾ നഗരത്തിലെ വിവിധ റെയിൽവെ സ്റ്റേഷനുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശേധന നടത്തി വരികയാണ്.
എഫ്ഐആർ പ്രകാരം സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിപരിക്കേൽപ്പിച്ച കേസിൽ ആരുടെയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചനയില്ല.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച സെയ്ഫിൻ്റെ വീട്ടിലെ ജോലിക്കാരി ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നടന്റെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: A new picture of Saif Ali Khan's attacker has emerged