ന്യൂഡൽഹി: കാറിന് തീപിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപമാണ് സംഭവം നടന്നത്. ഗ്രേറ്റർ നോയിഡയിലെ നവാദ നിവാസിയായ അനിലാണ് പൊള്ളലേറ്റ് മരിച്ചത്. വിവാഹ ക്ഷണക്കത്ത് കൊടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം എന്നാണ് വിവരം. ഫെബ്രുവരി 14-ന് ഇയാളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
"അനിൽ ഉച്ചകഴിഞ്ഞ് വിവാഹക്കത്ത് വിതരണം ചെയ്യാൻ പോയി. വൈകുന്നേരമായിട്ടും അവൻ തിരിച്ചെത്താതായപ്പോൾ ഞങ്ങൾ വിളിക്കാൻ ശ്രമിച്ചു, പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പതിനൊന്നരയോടെ അപകടമുണ്ടായെന്നും അനിൽ ആശുപത്രിയിലാണെന്നും പറഞ്ഞ് പൊലീസ് ഞങ്ങളെ വിളിച്ചു", മൂത്ത സഹോദരൻ സുമിത് പറഞ്ഞു.
കാറിന് തീപിടിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Delhi Man On Way to Distribute His Wedding Card Dies As Car Catches Fire