ചണ്ഡീഗഡ്: പാരിസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിൻ്റെ മുത്തശ്ശിയും അമ്മാവനും വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ ഭിവാനിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സാവിത്രി ദേവി (70), മാതൃസഹോദരൻ യുധ്വീർ (50) എന്നിവരാണ് മരിച്ചത്. മഹേന്ദ്രഗഡ് ബൈപാസ് റോഡിൽ ചാർഖി ദാദ്രി പ്രദേശത്തുവെച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അപകടത്തിന് ശേഷം കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കാർ ഡ്രൈവറെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കർ. വെള്ളിയാഴ്ചയാണ് മനു ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Content Highlights: Double-Olympic Medallist Manu Bhaker's Grandmother and Uncle Die In Road Accident