ചണ്ഡീഗഡ്: കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ തയ്യാറായതോടെ അനിശ്ചിതകാലസമരം അവസാനിപ്പിച്ച് 121 കർഷകർ. ഖനൗരി സമരഭൂമിയിലായിരുന്നു ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ സമരം നടത്തിയത്. ഫെബ്രുവരി 14ന് കേന്ദ്രസർക്കാർ കർഷകരുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ദല്ലേവാൾ മെഡിക്കൽ സഹായം സ്വീകരിക്കാൻ സമ്മതിച്ചത്. 54 ദിവസം നീണ്ട നിരാഹാര സത്യാഗ്രഹത്തിനൊടുവിൽ ദല്ലേവാളിന്റെ ആരോഗ്യം വഷളാവുകയായിരുന്നു. കർഷകർക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഒരുറപ്പും ലഭിക്കാതെ, ആരോഗ്യം ക്ഷയിച്ച് മരിക്കേണ്ടി വന്നാലും വൈദ്യസഹായം തേടില്ലെന്നായിരുന്നു ദല്ലേവാളിന്റെ ഉറച്ച നിലപാട്. തുടർന്ന് ദല്ലേവാളിന്റെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയും, കേന്ദ്രം കർഷകരുടെ ആവശ്യങ്ങൾ നിരസിച്ചതും കർഷകസമരത്തിലേക്ക് നയിക്കുകയായിരുന്നു.
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് മൻദീപ് സിങ് സിദ്ദുവിന്‍റെയും പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് നാനക് സിങ്ങിന്‍റെയും സാന്നിധ്യത്തിൽ ജ്യൂസ് കുടിച്ചാണ് കർഷകർ സമരം അവസാനിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പ്രിയരഞ്ജന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര ഉന്നതതല സംഘം ശനിയാഴ്ച കർഷക നേതാവ് ദല്ലേവാളിനെ കണ്ട് ഫെബ്രുവരി 14 ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നു. കേന്ദ്രം കൂടിക്കാഴ്ചക്ക് സമ്മതിച്ചതോടെ വൈദ്യസഹായം തേടാൻ സമ്മതിച്ചെങ്കിലും നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാൻ ദല്ലേവാൾ തയാറായിട്ടില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജഗ്ജിത് സിങ് ദല്ലേവാൾ
Content Highlights : Fasting Dallewal given medical aid after govt invites protesting farmers for talks; Meet in Feb