കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പ്രതികരിച്ച് പ്രതിയുടെ മാതാവ് മാലതി റോയ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാന്‍ കഴിയുമെന്ന് മാലതി റോയ് പറഞ്ഞു.
പ്രതിയായ മകന്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും മാലതി റോയ് പറഞ്ഞു. ശിക്ഷ എന്തുതന്നെയായാലും അത് അവന്‍ ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാന്‍ വിധിച്ചാലും താനതിനെ സ്വാഗതം ചെയ്യുന്നുവെന്നും മാലതി റോയ് പറഞ്ഞു. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരി സബിതയും അഭിപ്രായപ്പെട്ടു. സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും മാതാവോ സഹോദരിയോ അയാളെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല.
രാജ്യത്തെ നടുക്കിയ ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസില്‍ ഇന്നലെയാണ് പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. നിര്‍ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദിച്ചത്. അതിക്രൂരമായ കൊലപാതക കുറ്റത്തിന് പ്രതിക്ക് വധശിക്ഷയോ 25 വര്‍ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വ്യക്തമാക്കിയത്.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Content Highlights- I Can feel the pain says mother of accused he killed trainee doctor in RG Kar medical college