പൂനെ: പതിനാലുകാരന്റെ അവസരോചിതമായ ഇടപെടലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് അച്ഛനെ രക്ഷിച്ചു. കടബാധ്യതയെ തുടര്‍ന്ന് ഭാര്യയേയും മകനേയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു 45കാരന്റെ തീരുമാനം. ജീവനൊടുക്കുന്നതിന് മുന്‍പ് ഇദ്ദേഹം മുംബൈയില്‍ ബന്ധുവിനൊപ്പം താമസിക്കുന്ന മൂത്ത മകന് സന്ദേശം അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മകന്‍ ഉടന്‍ ഇടപെടുകയായിരുന്നു.
പൂനെയിലെ ചിഖാലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അമിത അളവില്‍ ഉറക്കഗുളിക നല്‍കി ഭാര്യയേയും ഒൻപത് വയസുകാരനായ മകനേയും ഇയാള്‍ കൊലപ്പെടുത്തി. ഇതിന് ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് തൊട്ടുമുന്‍പ് മൂത്ത മകന് അദ്ദേഹം ആത്മഹത്യ സംബന്ധിച്ച് സന്ദേശം അയച്ചു. സന്ദേശം ലഭിച്ചയുടന്‍ മകന്‍ അയല്‍ക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും പൊലീസും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി. ജീവനുണ്ടായിരുന്ന ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ട് പണമിടപാടുകാരില്‍ നിന്ന് പ്രതിമാസം 10 ശതമാനം പലിശയ്ക്ക് 6 ലക്ഷം രൂപയും 2 ലക്ഷം രൂപയും കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നീട് ഉയര്‍ന്ന പലിശ നിരക്കില്‍ മറ്റൊരാളില്‍ നിന്ന് 4 ലക്ഷം രൂപയും ഇവര്‍ കടം വാങ്ങി. മുതലിന് പുറമേ 9 ലക്ഷം രൂപ കൂടി തിരിച്ചടച്ചിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇടപാടുകാര്‍ ഉപദ്രവിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- man kill wife, son and trying to kill himself in pune