കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് ആരോപണം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്(വാഷ്)എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്കായി ചെയര്‍മാന്‍ തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിക്കുന്നത്. ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ഇന്റേണല്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത സുരേഷ് ഗോപിയുടെ നടപടിക്കെതിരെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്. നീതി തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പക്കണമെന്നാണ് ചട്ടം. 2024 മെയ് ഒന്‍പതിനാണ് അധ്യാപിക പരാതി നല്‍കുന്നത്. തുടര്‍ന്ന് ഐസിസി അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് ഒക്ടോബര്‍ 30 ന് സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്ആര്‍എഫ്ടിഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇതുവരെ അതിന് തയ്യാറായില്ലെന്നാണ് ആരോപണം.
ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രത്തില്‍ ഒപ്പിടേണ്ടതിന് ഇത്രയും കാലതാമസമെന്തിനാണെന്ന് വാഷ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. കുറ്റപത്രം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ആരോപണങ്ങള്‍ തേയ്ച്ചുമാച്ച് കളയാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പരാതിക്കാരി ഭയപ്പെടുന്നതായും വാഷ് ചൂണ്ടിക്കാട്ടി. ഐസിസിയുടെ കണ്ടെത്തലുകള്‍ക്കെതിരെ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഐസിസി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞിരുന്നു.
Content Highlights- Union minister suresh gopi accused of stalling sexual harassment inquiry