പട്ന: സ്ത്രീകളുടെ വസ്ത്രാഭിരുചിയുമായി ബന്ധപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പരാമർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. താൻ ഭരണത്തിലെത്തിയ രണ്ട് പതിറ്റാണ്ടിനിടെ ബിഹാറിലെ സ്ത്രീകളുടെ വസ്ത്രാഭിരുചിയിൽ വലിയ മുന്നേറ്റമുണ്ടായി എന്ന നിതീഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെയാണ് തേജസ്വി യാദവ് രംഗത്ത് വന്നത്. മുഖ്യമന്ത്രി ഫാഷൻ ഡിസൈനർ അല്ലെന്നും ഇത്തരം പ്രതികരണങ്ങൾ നിതീഷിൻ്റെ വികൃത മനസ്സിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് തേജസ്വി യാദവിൻ്റെ വിമർശനം.
പെൺകുട്ടികൾ വളരെയേറെ ആത്മവിശ്വാസമുള്ളവരായി മാറി. അവർ നന്നായി സംസാരിക്കുകയും നന്നായി വസ്ത്രം ധരിക്കുകയും ചെയ്യുന്നു. അവർ ഇത്രയും നല്ല വസ്ത്രം ധരിക്കുന്നത് നേരത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് നിതീഷ് കുമാർ പറയുന്ന വീഡിയോ എക്സ് പോസ്റ്റിൽ പങ്കുവെച്ചു കൊണ്ടാണ് തേജസ്വി യാദവിൻ്റെ പ്രതികരണം. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രഗതി യാത്രയുടെ ഭാഗമായി ബഗുസരായി ജില്ലയിൽ സംസാരിക്കവരെയായിരുന്നു നിതീഷ് കുമാറിൻ്റെ പ്രതികരണം.
ഇതിന് മറുപടിയായിട്ടായിരുന്നു ഷെയിം ഓൺ നിതീഷ് കുമാർ എന്ന ഹാഷ്ടാഗോടെ ഹിന്ദിയിൽ കുറിച്ച എക്സ് പോസ്റ്റിലൂടെയായിരുന്നു തേജസ്വി യാദവിൻ്റെ പ്രതികരണം. ബിഹാറിൻ്റെ പെൺമക്കൾ നേരത്തെ നല്ല വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. ആത്മാഭിമാനവും സ്വയംപര്യാപ്തതയും കൊണ്ട് അവർ അപ്പോഴും സ്വയം മറച്ചിരുന്നു. സ്ത്രീകളുടെ ഫാഷൻ ഡിസൈനറായി മാറാൻ ശ്രമിക്കരുത്. നിങ്ങളുടെ ചിന്തകൾ വികൃതമാണ്. നിങ്ങളുടെ പ്രസ്താവന അപമാനമാണ് എന്നായിരുന്നു തേജസ്വി യാദവ് എക്സിൽ കുറിച്ചത്.
നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ വോട്ടർമാരെ ആകർഷിക്കുന്നതിനായി നേരത്തെ ആർജെഡി നേതാവ് തേജസ്വി യാദവ് വലിയ വാഗ്ദാനം നൽകിയിരുന്നു. ആർജെഡി അധികാരത്തിലെത്തിയാൽ വനിതകൾക്കായി പ്രതിമാസ സ്റ്റൈപ്പൻഡ് നൽകുമെന്നായിരുന്നു ആർജെഡി നേതാവിൻ്റെ വാഗ്ദാനം.
Content Highlights: You're not fashion designer: RJD slams Nitish Kumar over women's dress remark