മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ ആക്രമണത്തിന് പിന്നാലെ തനിക്കും കുടുംബത്തിനും സ്വകാര്യത നല്‍കണമെന്ന് ആവശ്യപ്പെട്ട് നടിയും പങ്കാളിയുമായ കരീന കപൂര്‍. ഹൃദയമുണ്ടെങ്കില്‍ തങ്ങളെ തനിച്ച് വിടണമെന്നായിരുന്നു കരീന കപൂര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഓണ്‍ലൈന്‍ മാധ്യമമായ പിങ്ക്‌വില്ലയുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കരീനയുടെ പ്രതികരണം.
'ഇത് നിര്‍ത്തൂ, ഹൃദയമുണ്ടെങ്കില്‍ ഞങ്ങളെ തനിച്ച് വിടൂ', എന്നായിരുന്നു കരീനയുടെ പ്രതികരണം. കരീന പങ്കുവെച്ച വീഡിയോയില്‍ കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വസതിയിലേക്ക് കുറച്ച് പേര്‍ കളിപ്പാട്ടം വാങ്ങിവരുന്നത് കാണാം. വീഡിയോയില്‍ മക്കളായ തൈമുറിനും ജെയ്ക്കും പുതിയ കളിപ്പാട്ടങ്ങളെത്തിയെന്ന എഴുത്തും കാണാം. തൈമുറിന്റെയും ജെയുടെയും കൂടെ സെയ്ഫ് അലി ഖാന്‍ നില്‍ക്കുന്ന ചിത്രമായിരുന്നു തമ്പ്‌നൈല്‍. കരീന കപൂര്‍ നിലവില്‍ ഈ സ്‌റ്റോറി പിന്‍വലിച്ചിട്ടുണ്ട്. ഈ വീഡിയോ പിങ്ക്‌വില്ലയും പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഷെരിഫുള്‍ ഇസ്ലാം മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മുന്‍പ് വോര്‍ളിയിലെ പബില്‍ ജോലി ചെയ്യുമ്പോള്‍ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു. മോഷണം പിടിക്കപ്പെട്ടതിന് പിന്നാലെ ഷെരിഫുള്‍ ഇസ്ലാമിനെ പബ് അധികൃതര്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണം.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്. ജേയുടെ മുറിയില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. 5 മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് സെയ്ഫ് അലി ഖാനെ വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തു. ആറ് തവണയാണ് നടന് കുത്തേറ്റത്.
Content Highlights: Kareena Kapoor against Online media