ഹൈദരാബാദ്: ഒരുപാട് ലക്ഷ്യങ്ങളുമായാണ് തന്റെ മകൻ അമേരിക്കയിലേക്ക് പോയതെന്നും ജീവനറ്റ് തിരികെവരുമെന്ന് കരുതിയിരുന്നില്ലെന്നും വാഷിംഗ്ടണിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച രവി തേജയുടെ പിതാവ്. ഈ സങ്കടം താനെങ്ങനെ സഹിക്കും? തൻ കടന്നുപോകുന്ന അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്നും പിതാവ് ചന്ദ്രമൗലി പറഞ്ഞു.
ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട് ടൈം ജോലി ചെയ്യുന്നതിനിടെ രവി തേജയ്ക്കുനേരെ അജ്ഞാതർ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുഎസിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുകയായിരുന്നു രവി തേജ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ പെട്രോൾ പമ്പിൽവെച്ച് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി വെടിയേറ്റ് മരിച്ചിരുന്നു. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാൻ്റയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മറ്റൊരു വിദ്യാർത്ഥിയും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.
Content Highlights: Raviteja's father reaction who was killed in Washington