മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി ഷെരിഫുൾ ഇസ്ലാം മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മുൻപ് വോർളിയിലെ പബിൽ ജോലി ചെയ്യുമ്പോൾ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു. മോഷണം പിടിക്കപ്പെട്ടതിന് പിന്നാലെ ഷെരിഫുൾ ഇസ്ലാമിനെ പബ് അധികൃതർ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണം.
അതേ സമയം വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച സംഭവം പുനരാവിഷ്കരിക്കാൻ ഒരുങ്ങി മുംബൈ പൊലീസ് രംഗത്തെത്തി. പ്രതി ഷരീഫുൾ ഇസ്‌ലാം, സെയ്ഫ് അലിഖാൻ്റെ വസതിയിൽ കയറിയത് അടക്കമുള്ള കാര്യങ്ങൾ പുനരാവിഷ്കരിക്കും.
'സത്ഗുരു ശരൺ' ബിൽഡിംഗിലുള്ള സെയ്ഫ് അലിഖാൻ്റെ വീട്ടിലേക്ക് പൊലീസ് ഷരീഫുളിനെ എത്തിക്കും. നിലവിൽ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലാണ് പ്രതി. ബംഗ്ലാദേശ് രാജ്ഭാരി സ്വദേശിയായ ഷരീഫുൾ ഇസ്‌ലാം മാൾഡ വഴിയാണ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലേക്ക് എത്താൻ ഒരു ഏജന്റ് പ്രതിയെ സഹായിച്ചു എന്ന നിർണായക വിവരവും പുറത്ത് വന്നിട്ടുണ്ട്.
സെയ്ഫ് അലി ഖാൻ താമസിക്കുന്ന 13 നില കെട്ടിടത്തിൽ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടർന്ന് 11–ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടർന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു. പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടർന്ന് സെയ്ഫ് അലി ഖാൻ ഇവിടേക്ക് എത്തുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാൻ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോഗിച്ച് പ്രതി കുത്തുകയായിരുന്നു. പ്രതിയെ വീടിനുള്ളിലാക്കി നടൻ വാതിൽ അടച്ചെങ്കിലും കുളിമുറിയിൽ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി, സ്റ്റെപ്പ് വഴി രക്ഷപ്പെടുകയായിരുന്നു. ശേഷം പ്രതി രാവിലെ ഏഴു മണിവരെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി. തുടർന്ന് ട്രെയിനിൽ മധ്യ മുംബൈയിലെ വർളിയിൽ ഇറങ്ങുകയായിരുന്നു.
പ്രതിയുടെ ബാഗിൽനിന്ന് ചുറ്റിക, സ്ക്രൂ ഡ്രൈവർ, നൈലോൺ കയർ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തു. 5 മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് സെയ്ഫ് അലി ഖാനെ വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തു. ആറ് തവണയാണ് നടന് കുത്തേറ്റത്.
Content highlights: Saif Ali Khan case: It was found that the accused had committed theft before