ന്യൂഡൽഹി: ബെംഗളൂരുവിൽ ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ മകൻ അവന്റെ അമ്മയോടൊപ്പം തുടരുമെന്ന് സുപ്രീംകോടതി. കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് സുഭാഷിന്റെ മാതാവ് അഞ്ജു ദേവി സമർപ്പിച്ച ഹർജിയിലാണ് നിർണായക വിധി. ഓൺലൈനായി കുട്ടിയോട് സംസാരിച്ചതിന് ശേഷമാണ് കോടതി തീരുമാനമെടുത്തത്.
അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പിന്നീട് ഇവർക്ക് ജാമ്യംലഭിച്ചിരുന്നു.
നികിത സിങ്കാനിയ അറസ്റ്റിലായതോടെയാണ് അഞ്ജു ദേവി കൊച്ചുമകന്റെ കസ്റ്റഡിതേടി കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജിക്കാരി കുട്ടിയെ സംബന്ധിച്ച് അപരിചിതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്തശ്ശിയോടൊപ്പം കുട്ടി അധികസമയം ചിലവഴിച്ചില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി വിധി.
കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് കഴിയുന്നതിനിടെയാണ് ജീവനൊടുക്കിയത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ടായിരുന്നു. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്.
Content Highlight : Techie Atul Subhash's Son To Stay With His Mother, Supreme Court Decides