ചെന്നൈ: തമിഴ്നാട്ടിലെ പരന്തൂരിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ ഇടപെടാന്‍ തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് ഇന്ന് പരന്തൂരിലെ ഏകനാപുരത്ത് സമരക്കാരെ കാണും. കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. ഈ ഗ്രാമങ്ങളില്‍ നിന്നും 5,746 ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം.
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ പരന്തൂരിലെ ഏകനാപുരത്ത് 4445 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി തുടങ്ങി. ഇതോടെയാണ് സമരമുഖം കൂടുതല്‍ സജീവമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഒരുപോലെ പ്രയോഗിക്കാന്‍ കിട്ടിയ ആയുധമെന്ന നിലയിലാണ് സംസ്ഥാനത്തു വേരൂന്നാന്‍ ശ്രമിക്കുന്ന തമിഴക വെട്രി കഴകം വിഷയത്തില്‍ ഇടപെടുന്നത്.
വിജയ്‌യുടെ സമരക്കാരുമായുളള കൂടിക്കാഴ്ച ഏതെങ്കിലും ഒരു ഓഡിറ്റോറിയത്തിലേക്കു മാറ്റണം എന്ന് കാഞ്ചീപുരം ജില്ലാ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമര ഭൂമിയില്‍ പോയി തന്നെ അവരെ കാണണം എന്ന നിലപാടിലാണ് പാര്‍ട്ടിയും വിജയും. സമരക്കാരും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് . രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്‌ക്ക് സന്ദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്.
Content Highlights: Vijay to meet villagers protesting against Chennai’s Parandur airport