'മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാന്‍ പലവട്ടം കുത്തി'; പ്രതി ഷെരിഫുള്‍ ഇസ്‌ലാം ഷെഹ്‌സാദ്

ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ഇന്ന് ആശുപത്രി വിട്ടിരുന്നു.

dot image

ന്യൂഡല്‍ഹി: തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി ഷെരിഫുള്‍ ഇസ്‌ലാം ഷെഹ്‌സാദ്. പൊലീസിനോടാണ് ബംഗ്ലാദേശ് പൗരനായ ഷെരിഫുള്‍ ഇസ്‌ലാം ഷെഹ്‌സാദ് ഇക്കാര്യം പറഞ്ഞത്.

മോഷണം ലക്ഷ്യമാക്കിയാണ് ഷെരീഫുള്‍ ശുചിമുറിയുടെ ജനലിലൂടെ സെയ്ഫിന്റെ വസതിക്കുള്ളില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്‌ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷെരീഫുള്‍ ഫ്‌ളാറ്റിന് അകത്ത് തന്നെ ഉണ്ടാകുമെന്ന് കരുതി സെയ്ഫ് പ്രധാനവാതില്‍ പൂട്ടിയെങ്കിലും പുറത്തുകടന്നിരുന്നു. ഫ്‌ളാറ്റിനകത്തേക്ക് നടന്ന അതേ വഴിയിലൂടെ തന്നെയാണ് ഷെരീഫുള്‍ പുറത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു.

ഫ്‌ളാറ്റിന പുറത്തേക്ക് രക്ഷപ്പെട്ട ഷെരീഫുള്‍ രണ്ട് മണിക്കൂറോളം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പൂന്തോട്ടത്തിലാണ് ഒളിച്ചിരുന്നത്. ഞായറാഴ്ച താനെയില്‍ നിന്ന് ഷെരീഫുളിനെ പിടികൂടിയിരുന്നു.

ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ഇന്ന് ആശുപത്രി വിട്ടിരുന്നു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങുന്നത്.

അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത്.

dot image
To advertise here,contact us
dot image