മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ് മാരകമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പാരിതോഷികവും പൊന്നാടയും. 11,000 രൂപയും പൊന്നാടയുമാണ് ഓട്ടോ ഡ്രൈവർക്ക് സമ്മാനിച്ചത്. മുംബൈയിലെ സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരിയാണ് പാരിതോഷികവും പൊന്നാടയും നൽകിയത്. ഭജൻ സിങ്ങിന്റെ ആത്മാർത്ഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് അൻസാരി പ്രതികരിച്ചു.
എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല താൻ നടനെ സഹായിച്ചതെന്നും ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്തെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. 'ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിച്ചു എന്നേയുളളു. ഞാൻ നല്ലകാര്യം ചെയ്തുവെന്നാണ് എല്ലാവരും പറയുന്നത്. അതിൽ സന്തോഷമുണ്ട്. വീട്ടിൽ എല്ലാവർക്കും എന്നെ ഓർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. ഇതിൽപരം മറ്റ് എന്ത് സന്തോഷം,' ഭജൻ സിങ് റാണ പറഞ്ഞു.
കഴിഞ്ഞ ദിവസം മൊഴി എടുക്കുന്നതിനായി റാണയെ ബാന്ദ്ര പൊലീസ് വിളിപ്പിച്ചിരുന്നു. നടന്റെ കുടുംബത്തിൽ നിന്ന് ആരും തന്നെ
ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സമീപിച്ചിട്ടില്ലെന്നും ഓട്ടോ ഡ്രൈവർ മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം നടന്ന ദിവസം വല്ലാത്ത അവസ്ഥയിലായിരുന്നു. സെയ്ഫ് അലി ഖാനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നാണ് മനസിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം തന്നെ നടന്റെ കുടുംബത്തിലെ ആരും ഫോണിൽ വിളിച്ചിട്ടില്ലെന്നും ഭജൻ സിങ് റാണ പറഞ്ഞു.
Mumbai, Maharashtra: Bhajan Singh Rana, an auto-rickshaw driver who helped actor Saif Ali Khan reach the hospital, was honored by a social worker named Faizan Ansari with a cash reward of ₹11,000.
— IANS (@ians_india) January 20, 2025
Bhajan Singh Rana said, 'I feel very proud because I never imagined something… pic.twitter.com/dfXLHu5UBU
സംഭവത്തെ കുറിച്ചും ഭജൻ സിങ് റാണ മാധ്യമങ്ങളോട് വിശദീകരിച്ചു. '15 വർഷമായി ബാന്ദ്രയിൽ രാത്രിയിൽ ഓട്ടോ ഓടിക്കുന്നയാളാണ് ഞാൻ. സംഭവം നടന്ന ദിവസം നടന്റെ വസതിക്ക് മുമ്പിലൂടെ പോവുകയായിരുന്നു, അപ്പോഴാണ് ഗേറ്റിന് അകത്ത് നിന്ന് ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പെട്ടെന്ന് തന്നെ യൂ ടേൺ എടുത്ത് അവരുടെ അരികിലേക്ക് എത്തി. എന്തോ അടിപിടി കേസാണ് എന്നായിരുന്നു ആദ്യം വിചാരിച്ചത്. ചോരയിൽ കുളിച്ചു നിൽക്കുന്ന മനുഷ്യനെയാണ് കണ്ടത്, അവരുടെ അരികിൽ നാലഞ്ചു പേരുമുണ്ടായിരുന്നു. അവർ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയിൽ കയറ്റി. അപ്പോൾ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആൺകുട്ടിയും കുറച്ചു മുതിർന്ന ഒരു പുരുഷനുമായിരുന്നു ഓട്ടോയിൽ വന്നത്. അവർ ഓട്ടോയിൽ കയറുന്നതിന് മുമ്പ് അവിടെ കുറേ ആളുകളുണ്ടായിരുന്നു, ആ കൂട്ടത്തിൽ ഞാൻ കരീന കപൂറിനെ കണ്ടിരുന്നില്ല,' എന്ന് ഭജൻ സിങ് റാണ പറഞ്ഞു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന നടനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങിയത്. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത്.
രാജ്യത്തെ തന്നെ നടുക്കിയ ആക്രമണമായിരുന്നു സെയ്ഫിന് നേരെയുണ്ടായത്. വീട്ടില്‍ കയറിയ മോഷ്ടാവ് ആറ് തവണ സെയ്ഫിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സെയ്ഫിന്റെ നട്ടെല്ലില്ലായിരുന്നു ഒരു മുറിവുണ്ടായത്. നടന്റെ സ്‌പൈനല്‍ കോര്‍ഡില്‍ നിന്നും 2 മില്ലിമീറ്റര്‍ നീളത്തില്‍ കത്തിയുടെ ഭാഗം ലഭിച്ചിരുന്നു.
സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. മകനെ ബന്ദിയാക്കി വന്‍ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി.
Content Highlights: Auto Driver who Took Saif Ali Khan to Hospital get Reward