ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി മേല്‍നോട്ടം തുടരുമെന്ന് സുപ്രീംകോടതി. നടപടിക്രമങ്ങളുടെ പേരില്‍ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. അഞ്ച് വർഷം ഒന്നും ചെയ്തില്ലല്ലോയെന്നും തെളിവില്ലാതെ കേസെടുക്കുന്നത് എന്തിനെന്നുമായിരുന്നു ചോദ്യം. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.
മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്‌ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.
ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. താങ്കൾക്കെതിരെ ഹൈക്കോടതിയുടെ എന്ത് ഉത്തരവാണ് ഉള്ളതെന്നും താങ്കളെ എന്തിന് കേൾക്കണമെന്നും ആയിരുന്നു സജിമോൻ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം.
Content Highlights: supreme court about hema committee report