ന്യൂഡല്‍ഹി: യാത്രക്കാർക്കായി ഡബിൾ ഡെക്കർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ-ഗുഡ്സ് ട്രെയിനുകൾ സംയോജിപ്പിച്ച്, മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഡബിൾ ഡെക്കർ ട്രെയിനുകൾ രൂപകല്‍പ്പന ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ ബോർഡ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഇത് എങ്ങനെ സ്വീകാര്യമാകുമെന്നും എങ്ങനെയെല്ലാം ഉപകാരപ്പെടുമെന്നും മനസ്സിലാക്കാനും ട്രെയിനിൻ്റെ സാധ്യതകള്‍ തേടാനും നടപ്പാക്കാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചരക്കുഗതാഗതത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ട്രെയിനുകൾ ആലോചിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ ഒരെ ട്രെയിനിൽ യാത്രക്കാരും ചരക്കും ഉണ്ടാകുമ്പോൾ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും എടുക്കുന്ന സമയം യാത്രക്കാർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുമോ ഉണ്ടെങ്കിൽ അത് പരിഹരിക്കാനായി പഠനം നടത്തേണ്ടി വരുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കണം സർവീസെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സർവീസുകൾ. 10 കോച്ചുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഒരു കോച്ചിന് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. റേക്ക് കൂട്ടിച്ചേർക്കലിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
2024ലാണ് റെയിൽവേ മന്ത്രാലയം ഡബിൾ ഡെക്കർ ട്രെയിനുകൾ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് പദ്ധതിക്ക് അനുമതി നൽകിയതോടെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2030 ആകുമ്പോഴേക്കും 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Content Highlights: Indian Railways is all set to introduce double-decker trains for passengers. Combined passenger-goods trains will be introduced, carrying passengers on the top and goods on the bottom.