മുംബൈ: മഹാരാഷ്ട്ര ജൽഗാവ് ജില്ലയിൽ ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യമുണ്ടായ അപകടത്തിൽ വിശദീകരണവുമായി സെൻട്രൽ റെയിൽവേ. ട്രെയിനിലെ ഒരു ബോഗിയിൽ തീപിടിത്തമുണ്ടയെന്ന് അഭ്യൂഹമുയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ അപായച്ചങ്ങല വലിച്ചു, ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരെ എതിർദിശയിൽ നിന്ന് വന്ന കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നും സെൻട്രൽ റെയിൽവേ സിപിആർഒ സ്വപ്നിൽ കുമാർ ലീല വ്യക്തമാക്കി.
'മഹാരാഷ്ട്രയിലെ മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് ആണ് ബോഗിയിൽ തീപ്പിടിത്തമുണ്ടായതായി അഭ്യൂഹങ്ങൾ പടർന്നത്. ഇത് അറിഞ്ഞ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ ചാടിയിറങ്ങി. ഇവർ ഇറങ്ങിയത് തൊട്ടടുത്തുള്ള മറ്റൊരു പാളത്തിലേക്കാണ്. എതിർ ദിശയിൽ അതേസമയം കർണാടക എക്സ്പ്രസ് കടന്നുപോകുകയായിരുന്നു', സെൻട്രൽ റെയിൽവേ സിപിആർഒ സ്വപ്നിൽ കുമാർ ലീല പറഞ്ഞു.
അപകട സ്ഥലത്ത് നിന്ന് കർണാടക എക്സ്പ്രസ് യാത്ര പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്തുളള ആശുപത്രികളിൽ നിന്നും സഹായം തേടിയിട്ടുണ്ടെന്നും, പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം പുഷ്പക് എക്സ്പ്രസ് യാത്ര തുടരുമെന്നും സ്വപ്‌നിൽ കുമാർ ലീല പറഞ്ഞു. ജൽഗാവിലെ അപകടം വേദനാജനകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു. ജില്ലാ ഭരണകൂടവും റെയിൽവേയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുഷ്പക് എക്‌സ്പ്രസിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് പുറത്തേക്ക് ചാടിയ എട്ടു പേർക്കാണ് ജീവൻ നഷ്ടമായത്. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. പാളത്തിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Content Highlights: the central railway on jalgaon train accident