ജയ്‌പൂർ: രാജസ്ഥാനിൽ സവർണജാതിക്കാരുടെ ഭീഷണി ഭയന്ന് ദളിത് യുവാവിനെ വധുവിന്റെ കുടുംബത്തിലേക്ക് ആനയിച്ചത് 200 പൊലീസുകാരുടെ അകമ്പടിയോടെ. ജയ്‌പൂരിലെ ലവെര ഗ്രാമത്തിലുള്ള വധുവിന്റെ കുടുംബത്തിനാണ് സവർണജാതിക്കാരുടെ ഭീഷണി ഭയന്ന് പൊലീസ് സംരക്ഷണം തേടേണ്ടിവന്നത്.
വരനെ വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് ആനയിക്കുന്ന ചടങ്ങിന് ഭീഷണി ഉണ്ടെന്നായിരുന്നു കുടുംബം ഭയപ്പെട്ടത്. ഇതോടെ വധുവിന്റെ പ്രദേശത്തെ ജനപ്രതിനിധികളെയും മറ്റും സമീപിച്ചു. തുടർന്ന് പ്രദേശത്തേക്ക് ഇരുനൂറോളം പൊലീസുകാരെ ജില്ലാ ഭരണകൂടം വിന്യസിക്കുകയും ഇവരുടെ സംരക്ഷണത്തിൽ ചടങ്ങ് നടത്തുകയുമായിരുന്നു. ഇതിന് മുൻപ് ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ചടങ്ങ് തടസപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എങ്കിലും ഒരു മുൻകരുതൽ എന്നവണ്ണം പൊലീസ് സേനയെ ഗ്രാമത്തിൽ വിന്യസിക്കുകയായിരുന്നു.
വധുവിന്റെ പിതാവാണ് ചടങ്ങിന് സംരക്ഷണം ആവശ്യപ്പെട്ടത്. പ്രശ്നം ചൂണ്ടിക്കാട്ടി പിതാവ് പ്രദേശത്തെ നിരവധി ആക്ടിവിസ്റ്റുകളെയും സമീപിച്ചിരുന്നു. ഇത്തരത്തിൽ രമേശ് ചന്ദ് ബൻസൽ എന്ന ആക്ടിവിസ്റ്റ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്തയക്കുകയും, പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സംരക്ഷണം ഒരുക്കി, വരന്റെ ആനയിക്കൽ ചടങ്ങ് നടത്തിയത്.
Content Highlights: Police protection to dalit grooms function