ആശുപത്രി വിട്ട സെയ്ഫ് ആദ്യം അന്വേഷിച്ചത് ഏലിയാമ്മയെ, സഹോദരനെ രക്ഷിച്ചതിന് നന്ദി പറഞ്ഞ് സബ അലി ഖാൻ

'സമയോചിതമായി ധൈര്യത്തോടെ ഇടപെട്ട രണ്ടുപേർക്കും നന്ദി, ആരും പാടിപ്പുകഴ്ത്തപ്പെടാത്തവരാണ് നിങ്ങൾ'

dot image

മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ട ശേഷം ആദ്യം അന്വേഷിച്ചത് തന്റെ വീട്ടുജോലിക്കാരിയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പിനെ. മോഷ്ടാവ് നടന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ മക്കളെ അക്രമിയിൽ നിന്ന് സംരക്ഷിച്ചത് ഏലിയാമ്മയായിരുന്നു. പിന്നീട് നടന് കുത്തേറ്റപ്പോൾ അത് തടയാൻ ശ്രമിച്ച ഏലിയാമ്മയ്ക്കും പരിക്കേറ്റിരുന്നു. നടന്റെ കുട്ടികളുടെ കെയർ ടേക്കറാണ് ഏലിയാമ്മ.

അതേസമയം നടനെ പ്രതിയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിച്ചതിന് വീട്ടുജോലിക്കാരോട് നന്ദി പറഞ്ഞ് നടന്റെ സഹോദരി സബ അലി ഖാനും രം​ഗത്തെത്തി. വീട്ടുജോലിക്കാർക്കൊപ്പമുളള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സബയുടെ പ്രതികരണം. ആരും പാടിപ്പുകഴ്ത്താത്തവർ എന്നാണ് സബ ഇവരെ വിശേഷിപ്പിച്ചത്.

'സമയോചിതമായി ധൈര്യത്തോടെ ഇടപെട്ട രണ്ടുപേർക്കും നന്ദി. ആരും പാടിപ്പുകഴ്ത്തപ്പെടാത്തവരാണ് നിങ്ങൾ. എന്റെ സഹോദരനെയും കുടുംബത്തെയും ആപത്ത് വന്നപ്പോൾ സംരക്ഷിച്ചതിനു നന്ദി. നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. നിങ്ങൾ ഏറ്റവും മികച്ചവരാണ്,' സബ പറഞ്ഞു.

അതേസമയം ബാന്ദ്രയിലെ നടന്റെ 12 നിലകളുള്ള വസതിയില്‍ നടന്ന കുറ്റകൃത്യം അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനഃസൃഷ്ടിച്ചു. ജനുവരി 16ന് 54കാരനായ നടന്റെ വീട്ടില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് പ്രവേശിച്ചത്. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി ഷെഹ്സാദ് പൊലീസിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങിയത്.

അണുബാധയേല്‍ക്കാൻ സാധ്യതയുള്ളതിനാൽ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സെയ്ഫ് അലി ഖാന് വസതിയിൽ വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights: saba ali khan says thanks to saif ali khan home care taker eliyamma

dot image
To advertise here,contact us
dot image