പൊള്ളാച്ചി: ബുള്ളറ്റ് രാജയ്ക്ക് ഇനിമുതൽ കൂട്ടായി അരിക്കൊമ്പൻ. ഗൂഡല്ലൂർ വനമേഖലയിൽ നിന്ന് പിടികൂടി ആനമല കടുവ സങ്കേതത്തിലെ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ബുള്ളറ്റ് രാജ എന്ന കൊമ്പനെ പുറത്തിറക്കി. 25 ദിവസങ്ങൾക്ക് ശേഷമാണ് രാജയെ പുറത്തിറക്കിയത്. ആനയുടെ സ്വഭാവമാറ്റത്തെ തുടർന്നാണ് കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തിലെ മുതുകുളി വയലിലേക്ക് ആനയെ കൊണ്ടുപോയത്.
കഴിഞ്ഞ വർഷം ഡിസംബർ 28-നാണ് ഗൂഡല്ലൂർ പരിസര പ്രദേശങ്ങളിൽ വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത ആനയെ പിടികൂടി ടോപ്പ് സ്ലിപ് വരകളിയാർ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചത്. വെറ്ററിനറി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ആന. ആനയിലുണ്ടായ മാറ്റത്തെ തുടർന്ന് ചീഫ് ഫോറസ്റ്റ് അനിമൽ ഗാർഡിന്റെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടോടെ ആനയെ മുതുകുളി വയലിലേക്ക് എത്തിക്കുകയും ഇന്ന് രാവിലെയോടെ തുറന്നു വിടുകയുമായിരുന്നു.
ഇനി അരിക്കൊമ്പൻ എന്ന ആനയായിരിക്കും ബുള്ളറ്റ് രാജയ്ക്ക് കൂട്ടായി മുതുകുളിയിൽ ഉണ്ടാവുക. മാസങ്ങൾക്കു മുൻപാണ് തേനി മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്ന അരിക്കൊമ്പനെ പരിശീലനത്തിനു ശേഷം മുതുകുളിയിൽ എത്തിച്ചത്. അരിക്കൊമ്പൻ നിലവിൽ കാടുവിട്ട് പുറത്തിറങ്ങുന്നില്ല. കാട്ടിലെ ഭക്ഷ്യസാധനങ്ങൾ കഴിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. ഇതോടെ ബുള്ളറ്റ് രാജയെയും മുതുകുളിയിൽ വിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
Content Highlights: Bullet Raja was released into Muthukuzhi Vayal after 25 days