മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തയാള്‍ തന്റെ മകനല്ലെന്ന് ശരീഫുള്‍ ഇസ്‌ലാമിന്റെ പിതാവ് മുഹമ്മദ് റുഹുള്‍ അമിന്‍. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ മകന്റേതല്ലെന്ന് അദ്ദേഹം പറഞ്ഞു. ശരീഫുള്‍ ഇസ്‌ലാം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പിതാവ് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.
30 വയസുകാരനായ തന്റെ മകന്‍ വലിയ മുഖവും നീളുമുള്ള മുടിയുമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ശരീഫുള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ നിന്ന് നാടുവിട്ട് പോയതാണെന്നും പിതാവ് പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി അവാമി ലീഗിന്റെ രാഷ്ട്രീയ പീഡനം മൂലമാണ് മകന്‍ നാടുവിട്ട് പോയതെന്നും റുഹുള്‍ അമിന്‍ പറഞ്ഞു.
'2024ലാണ് എന്റെ മകന്‍ ഇന്ത്യയിലേക്ക് പോയത്. 16 വര്‍ഷമായി അധികാരത്തിലിരുന്ന ഹസീന സര്‍ക്കാര്‍ അവനെതിരെ മൊബൈല്‍ മോഷണക്കേസടക്കം പല ഇല്ലാത്ത കേസുകളും ചുമത്തി. രാഷ്ട്രീയ അന്തരീക്ഷം മോശമായതിനാല്‍ ഈ രാജ്യത്ത് ജീവിക്കാന്‍ സാധിക്കില്ലെന്ന് എന്റെ മകന് തോന്നി. ആ സമയത്ത് അവന്‍ ഇന്ത്യയിലേക്ക് പോയി', റുഹുള്‍ പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ആരെങ്കിലും വിളിച്ചിരുന്നോയെന്ന എന്‍ഡിടിവിയുടെ ചോദ്യത്തിന് ആരും വന്നിട്ടില്ലെന്നും ഇന്ത്യയില്‍ തങ്ങള്‍ക്ക് ആരെയും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബംഗ്ലാദേശ് സ്വദേശിയായ ശരീഫുൾ ഇസ്‌ലാമാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ചതെന്നായിരുന്നു മുംബൈ പൊലീസ് നേരത്തേ പറഞ്ഞത്. ഇന്ത്യയില്‍ ഇയാള്‍ ബിജോയ് ദാസ് എന്ന പേരിലാണ് ജീവിച്ചത്. ശരീഫുൾ ബംഗ്ലാദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു. പ്രതിയുടേതെന്ന് പറഞ്ഞുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയിപ്പെട്ടതോടെയാണ് അത് തന്റെ മകനല്ലെന്ന്
മുഹമ്മദ് റുഹുള്‍ അമിന്‍ വ്യക്തമാക്കിയത്.
Content Highlights: Saif Ali Khan attack case accused fathers respond