ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വസതിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി കടുക് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. ദളിത് സാനിറ്റേഷൻ ജീവനക്കാരനായ ഇന്ദ്രേഷിൻ്റെ മകനാണ് പ്രിൻസ്. മരുമകനാണ് അഭിഷേക്.
ആരാണ് കൊലപാതകത്തിന് പിന്നിലെന്നോ കാരണം എന്താണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നോർത്ത് എസ് പി ജിതേന്ദ്ര കുമാർ പറഞ്ഞു. പൊലീസിൻ്റെ അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കിൽ രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് അവർ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചതെന്ന് സൗത്ത് എസ് പി ഗൗരവ് ഗ്രോവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ മുഖത്തും ദേഹത്തും മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള മുറിവുകളുണ്ടെന്നും എസ് പി പറഞ്ഞു.
Content Highlights: Two cousins found murdered in Gorakhpur village