ന്യൂഡല്‍ഹി: സത്യസന്ധരല്ലാത്ത നേതാക്കളുടെ ലിസ്റ്റില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടുത്തിയ ആംആദ്മി പാര്‍ട്ടി പോസ്റ്ററിനെതിരെ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രവും ആംആദ്മി ചേർത്തത്.
ബിജെപിയും ആംആദ്മിയും ഒരു നാണയത്തിന്റെ ഇരുവശമാണെന്നും ഇരുവരും തമ്മില്‍ വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. 'ബിജെപിക്കും ആംആദ്മിക്കുമെതിരെ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പോരാടുന്നു. ബിജെപിയുടെ ബി ടീമാണ് ആംആദ്മി. ബിജെപിയും ആംആദ്മിയും തമ്മില്‍ ഒത്തുകളി നടക്കുന്നു. ആരാണ് അണ്ണ ഹസാരെ മൂവ്‌മെന്റ് നടത്തിയത്? എവിടെ നിന്നാണ് അവര്‍ക്ക് പ്രചോദനം ലഭിച്ചത്? ആര്‍എസ്എസായിരുന്നു ഇതിന് പിന്നില്‍', അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഇൻഡ്യാ സഖ്യത്തില്‍ നിന്ന് പുറത്ത് പോകണമെന്നും കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് വേണ്ടി യാചിച്ചത് ആം ആദ്മിയാണെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ക ലാമ്പ പ്രതികരിച്ചു. 'അരവിന്ദ് കെജ്‌രിവാളിന് ധൈര്യമുണ്ടെങ്കില്‍ ഇൻഡ്യാ സഖ്യം വിടുകയാണെന്ന് പ്രഖ്യാപിക്കണം. ശക്തരായ 100 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ ഏഴ് സീറ്റും ബിജെപിക്ക് വിട്ടുകൊടുത്തയാളാണ് അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ വേണ്ടി ഞങ്ങളുടെ മുന്നില്‍ യാചിച്ചയാളാണ് നിങ്ങള്‍. ഡല്‍ഹിയിലെ ഏഴ് സീറ്റിന് വേണ്ടി നിങ്ങളുമായി സഖ്യമുണ്ടാക്കിയതാണ് കോണ്‍ഗ്രസ് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഇതുകാരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടങ്ങളുണ്ടായി', അല്‍ക പ്രതികരിച്ചു.
एक अकेला पड़ेगा सब पर भारी 🔥 pic.twitter.com/5jkvWaDXt4
— AAP (@AamAadmiParty) January 25, 2025
ബിജെപി നേതാക്കളായ മോദിക്കും അമിത് ഷായ്ക്കും യോഗിക്കും പുറമേ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, വിരേന്ദ്ര സച്‌ദേവ, പര്‍വേഷ് വര്‍മ, രമേശ് ബിധുരി എന്നിവരോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് ദിക്ഷിത്, അജയ് മാക്കന്‍ എന്നിവരുടെ ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജ്‌രിവാളിന്റെ സത്യസന്ധത, സത്യസന്ധതയില്ലാത്ത ആളുകളെ മറികടക്കുമെന്ന വാചകമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Aam Admi Party poster about dishonest people include Rahul Gandhi