കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൊല്‍ക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനീപൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്.
ജനുവരി 23നാണ് സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. ഈ ദിവസം രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററില്‍ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറച്ചുവെക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവെച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും പറഞ്ഞു. നേതാജിയുടെ മരണതീയതി പ്രഖ്യാപിച്ച രാഹുല്‍ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlights: FIR against Rahul Gandhi on Subash Chandra Bose death date