
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് ഒമ്പത് കോടി തിരിച്ചുനൽകാൻ മഹാരാഷ്ട്ര സർക്കാർ. നടന്റെ മുംബൈയിലുളള വസതിയായ മന്നത്തിന്റെ ഉടമസ്ഥത നടൻ സ്വന്തമാക്കിയപ്പോൾ കൂടുതൽ ഫീസ് ഈടാക്കിയിരുന്നു. ഈ തുക തിരിച്ചുനൽകാനാണ് സർക്കാർ തീരുമാനം.
2019ൽ ആണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ലീസിനെടുത്ത മന്നത്ത് ബംഗ്ലാവ് സ്വന്തം ഉടമസ്ഥതയിലേക്ക് നടൻ മാറ്റിയത്. വീട് സ്വന്തം ഉടമസ്ഥതയിലേക്ക് മാറ്റിയപ്പോൾ 25 കോടി രൂപ ഫീസായി സർക്കാരിലേക്ക് അടച്ചിരുന്നു. എന്നാൽ അന്ന് ഷാരൂഖ് ഖാൻ അധിക ഫീസ് നൽകിയെന്ന് റസിഡന്റ് സബർബൻ കലക്ടർ സതീശ് ബാഗൽ പറഞ്ഞതാണ് വഴിത്തിരിവായത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ പരാതി നൽകുകയും ചെയ്തിരുന്നു.
അത്യാഡംബര ഭവനമാണ് മുംബൈയിലെ മന്നത്ത്. മന്നത്തിനെ കൂടാതെ ജന്നത്ത് എന്ന പേരിൽ മറ്റൊരു വസതിയും നടന് മുംബൈയിലുണ്ട്. ഭാര്യ ഗൗരിയുടെ പേരിൽ ഡൽഹിയിലും നടന് ആഡംബര വസതിയുണ്ട്.
മുമ്പും ഷാരൂഖ് ഖാന്റെ ആഡംബര വസതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നടന്റെ ലണ്ടനിലെ വസതി ഇതിനോടകം ആളുകളുടെ മനംകവർന്നിട്ടുണ്ട്. ലണ്ടനിലെ അതിസമ്പന്നരടക്കം താമസിക്കുന്ന പാർക്ക് ലൈനിലാണ് ഈ വസതി നിലകൊളളുന്നത്. മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിന്റെ 2009 ലെ റിപ്പോർട്ട് പ്രകാരം 20 മില്യൺ പൗണ്ടാണ് (ഇന്നത്തെ 214 കോടി രൂപ) ലണ്ടനിലെ ഈ വീടിന്റെ വില. ബ്രിട്ടനിൽ നിന്ന് ഒരു ഇന്ത്യൻ വ്ലോഗർ വീഡിയോ പങ്കുവെച്ചതോടെയാണ് ഈ വീട് വാർത്തകളിൽ ഇടം നേടിയത്. ലണ്ടനെ കൂടാതെ ദുബായിയിലും നടന് വസതിയുണ്ട്.
Content Highlights: Maharashtra Government Giver 9 Crore Refund to Shah Rukh Khan Over Mannat Lease Premium