ബെംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ വിദഗ്ധനാണ് കെ എം ചെറിയാൻ.
വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ എന്നിവ നടത്തിയത് ചെറിയാനാണ്.
ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും.
Content Highlights: Renowned cardiac surgeon Dr KM Cherian passed away