ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയതിൽ പ്രതികരിച്ച് ഡിഎംകെ അംഗം എ രാജ. അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്നും ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തുവെന്നും എ രാജ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ജെപിസിയുടെ തീരൂമാനം പാർലമെന്റിൽ ശക്തമായി എതിർക്കും. ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടും. വഫഖ് ഭേദഗതി നിയമപരമായി നിലനിൽക്കില്ല. ദില്ലി തിരഞ്ഞെടുപ്പിന് വേണ്ടിയാണ് വഖഫിൽ കേന്ദ്ര സർക്കാർ നീക്കമെന്നും എ രാജ പ്രതികരിച്ചു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. അതേസമയം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി. പത്ത് എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ക്കുകയായിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.
എന്‍ഡിഎ കൊണ്ടുവന്ന 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നൂറുകണക്കിന് ഭേദഗതികള്‍ കൊണ്ടുവന്നു. അവയെല്ലാം വോട്ടിങ്ങിലൂടെ പരാജയപ്പെട്ടുവെന്ന് ജെപിസി മീറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാൽ പ്രതികരിച്ചിരുന്നു. ഇന്ന് ഭേദഗതികള്‍ പാസാക്കിയത് പോലെയുള്ള ജനാധിപത്യ രീതി വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ യോഗത്തില്‍ ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞത്. ജഗദാംബിക പാൽ ജനാധിപത്യത്തിന്റെ കരിമ്പട്ടികയിലുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. 'എന്താണോ അവര്‍ നേരത്തെ തീരുമാനിച്ചത് അതാണ് ഇന്ന് നടത്തിയത്. ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. രേഖകള്‍ ലഭ്യമാക്കിയില്ല', കല്യാണ്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
നേരത്തെ നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
Content Highlights: DMK member A Raja reacts to the approval of the Waqf Amendment Bill