
ഡെറാഡൂണ്‍: രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സിവില്‍ കോഡിന്‍റെ പോര്‍ട്ടല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍വഹിച്ചു. ജനുവരി 20നാണ് നിയമങ്ങള്‍ അടങ്ങിയ മാനുവലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതിന് മുമ്പ് ജനുവരി 13ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന പരിശീലനം നല്‍കിയിരുന്നു.
പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഐയുടെ സഹായത്തോടെ 22 ഇന്ത്യന്‍ ഭാഷകളുടെ വിവര്‍ത്തനം, മറ്റ് 13 സേവനങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. തത്കാല്‍ സേവനത്തിന് കീഴില്‍ വേഗത്തിലുള്ള രജിസ്‌ട്രേഷനായി പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറയുന്നു.
അതേസമയം ഉത്തരാഖണ്ഡിനും രാജ്യത്തിനും ചരിത്ര ദിനമാണിതെന്നും സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാരുടേയും അവകാശങ്ങള്‍ തുല്യമായെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. എല്ലാ മതങ്ങളിലേയും സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിച്ചിരിക്കുന്നുവെന്നും വിവേചനങ്ങള്‍ ഭരണഘടനാപരമായി ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Uttarakhand government approves Uniform Civil Code