ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ജനപ്രിയ വാഗ്ദാനങ്ങളുമായി കോൺഗ്രസിൻ്റെ പ്രകടനപത്രിക പുറത്തിറക്കി

അഞ്ച് പ്രധാന വാ​ഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രകടനപത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്

dot image

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺ​ഗ്രസ്. രാജ്യ തലസ്ഥാനത്തെയും ഡൽഹി സംസ്ഥാനത്തെയും ജനങ്ങൾക്ക് അഞ്ച് പ്രധാന വാ​ഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രകടനപത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ അം​ഗത്തിന് പ്രതിമാസം 2500 രൂപ നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനം. കർണാടകയിൽ കോൺ​ഗ്രസ് വിജയകരമായി നടപ്പിലാക്കി വരുന്നതാണ് ഈ വാ​​ഗ്ദാനം. രാജസ്ഥാനിൽ ആവിഷ്കരിച്ചതിന് സമാനമായ സൗജന്യ ആരോ​ഗ്യപരിരക്ഷാ പദ്ധതിയാണ് മറ്റൊന്ന്. എല്ലാ ഡൽഹി നിവാസികൾക്കും 25 ലക്ഷം രൂപവരെ വരുന്ന ആരോ​ഗ്യ കവറേജാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് 8500 രൂപ പ്രതിമാസ സ്റ്റൈഫൻ്റോടെ ഒരുവർഷത്തെ അപ്രൻ്റിഷിപ്പ് പദ്ധതിയാണ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട മറ്റൊരു വാ​ഗ്ദാനം.

അർഹരായ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യവൈദ്യുതി. സൗജന്യ റേഷൻ കിറ്റിനൊപ്പം സിലിണ്ടറിന് 500 രൂപ നിരക്കിൽ പാചതവാതകം എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങൾ. സർക്കാർ ജോലിയിൽ 33 ശതമാനം സ്ത്രീ സംവരണം, മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷി വിഭാ​ഗക്കാർ എന്നിവർക്ക് 5000 രൂപവീതം പ്രതിമാസ പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്. ഷീലാ ദീക്ഷിതിൻ്റെ കാലഘട്ടത്തിലെ ഭരണസംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്നും സാമൂഹ്യക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനൊപ്പം ഡൽഹിയിലെ അധഃസ്ഥിതർക്ക് നേരിട്ട് സാമ്പത്തിക ആശ്വാസം നൽകാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്നാണ് കോൺ​ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രകടന പത്രിക പ്രകാശിപ്പിച്ചതിന് ശേഷം കോൺ​ഗ്രസ് നേതാവ് ജയ്‌റാം രമേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.

ഡൽഹിയിലെ മലിനീകരണ പ്രശ്നങ്ങളിലും ജനങ്ങളുടെ പൊതു അവകാശങ്ങളിലും കോൺ​ഗ്രസ് മുന്തിയ പരി​ഗണന നൽകുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. ഡൽഹി നേരിടുന്ന മലിനീകരണ പ്രശ്ന പരിഹരിക്കുന്നതിൽ നിലവിലെ എഎപി സർക്കാർ പരാജയപ്പെട്ടെന്ന വിമർശനവും ജയ്‌റാം രമേശ് മുന്നോട്ടുവെച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയോ ഡൽഹി ഭരിക്കുന്ന എഎപിയോ ഈ വിഷയം ​ഗൗരവമായി എടുത്തിട്ടില്ലെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ യമുന ആക്ഷൻ പ്ലാനിനായി ജാപ്പനീസ് സർക്കാരിൻ്റെ സഹായം സ്വീകരിച്ചതും ജയ്‌റാം രമേഷ് അനുസ്മരിച്ചു.

ഫെബ്രുവരി 5നാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 699 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്.

Content Highlights: Congress unveils manifesto for Delhi elections, announces 5 key guarantees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us