ബെംഗളൂരു: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ അന്വേഷണത്തിന് സ്റ്റേ. ബെംഗളൂരു സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടിക്കാണ് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയുടെ പരാതിയിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ നിർദേശ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പട്ടികജാതി /പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ക്രിസ് ഗോപാലകൃഷ്ണന് പുറമേ മറ്റ് 16 പേരെയും പ്രതി ചേർത്തിരുന്നു. പ്രതി ചേർക്കപ്പെട്ടവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ ആയിരുന്നു.
2014 ൽ തനിക്കെതിരെ നടന്ന ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നായിരുന്നു ദുർഗപ്പയുടെ ആരോപണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും ദുർഗപ്പ ആരോപിച്ചു.
ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെവി എസ്, ദാസപ്പ, ഹേമലതാ മിഷി, കെ ചട്ടോപാദ്യായ, പ്രദീപ് ഡിസാവ്കർ, മനോഹരൻ എന്നിവരും കേസിൽ പ്രതികളാണ്.
content highlight- Case against Infosys founder Chris Gopalakrishnan stayed