ആംആദ്മി പാർട്ടിയിൽ നാടകീയ നീക്കം; ഏഴ് എംഎൽഎമാർ രാജിവെച്ചു

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി

dot image

ന്യൂഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. പാർട്ടിക്ക് തിരിച്ചടിയായി ഏഴ് സിറ്റിംഗ് എംഎൽഎമാർ രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍. നരേഷ് യാദവ് നേരത്തെ മെഹ്റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു.

ഡിസംബറില്‍ ഖുറാന്‍ അവഹേളനക്കേസില്‍ നരേഷ് യാദവിനെ പഞ്ചാബ് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാമത്തെ പട്ടിക ആം ആദ്മി പുറത്തിറക്കിയപ്പോള്‍, നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെയാണ് മെഹ്റൗളിൽ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്. എഎപി 'സത്യസന്ധമായ രാഷ്ട്രീയം' ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് രാജിക്കത്തില്‍ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പുനിലത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും രാജിക്കത്തിൽ ആരോപണമുണ്ട്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായ ഡല്‍ഹി മദ്യനയ കേസ് ഉള്‍പ്പെടെ രാജിക്കത്തില്‍ നരേഷ് യാദവ് പരാമര്‍ശിക്കുന്നുണ്ട്.

content highlights : 7 Aam Aadmi Party MLAs quit party 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us