ഭുവനേശ്വര്‍: ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിനെതിരെ കരിങ്കൊടി വീശി എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍. ഭുവനേശ്വര്‍ നഗരത്തില്‍ വെച്ചായിരുന്നു സംഭവം. അഞ്ച് ദിവസത്തെ ഒഡിഷ സന്ദര്‍ശനത്തിനായെത്തിയതാണ് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണെന്ന് നേരത്തെ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു എന്‍എസ്‌യുഐ. ഇതിന്റെ ഭാഗമായാണ് കരിങ്കൊടി വീശീയത്.
നഗരത്തിലെ ജയദേവ് ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മോഹന്‍ ഭാഗവത്. വലിയ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. ഇതേ സമയം ഭുവനേശ്വര്‍ എന്‍എസ്‌യുഐ അദ്ധ്യക്ഷന്‍ ഉദിത് പ്രധാന്റെ നേതൃത്വത്തില്‍ 20ഓളം എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി ഒരുമിച്ചു കൂടുകയും പ്ലക്കാര്‍ഡുകളും കരിങ്കൊടിയും ഉയര്‍ത്തി 'മോഹന്‍ ഭാഗവത് ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
ഉദിത് പ്രധാനെയും എട്ട് എന്‍എസ്‌യുഐ പ്രവര്‍ത്തകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എസ്‌യുഐ പ്രവര്‍ത്തകരെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: arrested eight NSUI activists for showing black flags to RSS chief Mohan Bhagwat