ചെന്നൈ: രാഷ്ട്രീയത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. രാഷ്ട്രീയത്തിന് വേണ്ടി മാറ്റിവെക്കാന്‍ സമയമില്ലെന്നും ഇത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോഹോ കോര്‍പ്പറേഷന്റെ സിഇഓ സ്ഥാനം ഒഴിയുന്നതായി ശ്രീധര്‍ വെമ്പു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീധര്‍ വെമ്പു രാഷ്ട്രീയ പ്രവേശനം നടത്താനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങളുണ്ടായത്.
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ട് താന്‍ പൊട്ടിച്ചിരിച്ചു പോയെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ ശ്രീധര്‍ വെമ്പു പറഞ്ഞു. നിര്‍മിത ബുദ്ധിയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിന് വേണ്ടി മാറ്റിവെക്കാന്‍ സമയമുണ്ടാകില്ല. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക സേവനരംഗത്തെ ആഗോളസംരംഭമായ സോഹോ കോര്‍പ്പറേഷന്‍ സിഇഓ സ്ഥാനം ഒഴിഞ്ഞെങ്കിലും ചീഫ് സയന്റിസ്റ്റായി തുടരും. സഹസ്ഥാപകനായ ശൈലേഷ്‌കുമാര്‍ ഡാവേയാണ് പുതിയ സിഇഓ. മറ്റൊരു സ്ഥാപകനായ ടോണി തോമസിനാണ് അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. മാനേജ് എന്‍ജിന്‍ വിഭാഗത്തിന്റെ ചുമതല രാജേഷ് ഗണേശനും സോഹോ ഡോട്ട്‌കോമിന്റെ ചുമതല മണി വെമ്പുവിനും നല്‍കിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ 100 കോടി ഡോളര്‍ അറ്റാദായവും എട്ടുകോടിയോളം ഉപഭോക്താക്കളും ഉള്ള ആഗോളസ്ഥാപനമാണ്. നിര്‍മിതബുദ്ധിയിലെ ഗവേഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനൊപ്പം ഗ്രാമീണമേഖലയുടെ ശാക്തീകരണത്തിനുള്ള പദ്ധതികളും തുടരുമെന്ന് ശ്രീധര്‍ വെമ്പു നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Sridhar Vembu Zoho’s ex-CEO dismisses involvement in politics