കുംഭമേള; വിമാനനിരക്കിൽ അമ്പത് ശതമാനം കുറവ് വരുത്തി കമ്പനികൾ; ഇന്ന് മുതൽ പ്രാബല്യത്തിൽ

പുതിയ നിരക്കുകൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരിക

dot image

ന്യൂ ഡൽഹി: മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ പ്രയാഗ് രാജിന് സമീപത്തുളള വിമാനത്താവളങ്ങളിലേക്കുളള വിമാനനിരക്കുകളിൽ കുറവ് വരുത്തി വിമാനകമ്പനികൾ. നിരക്കിൽ 50%ത്തോളം കിഴിവാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മൂലമാണ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ തയ്യാറായത്. 140 വർഷത്തിനിടെ മാത്രം വരുന്ന മഹാകുംഭ മേളയുടെ പ്രാധാന്യം വിമാനകമ്പനികൾ മനസിലാക്കണമെന്നും നിരക്കുകൾ കുറയ്ക്കാൻ തയ്യാറാകണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനകമ്പനികൾ നിരക്കുകൾ വെട്ടിക്കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. അതേസമയം, വിമാനകമ്പനികൾക്ക് നഷ്ടം ഉണ്ടാകാതിരിക്കാനുളള ശ്രദ്ധ നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നേരത്തെ പ്രയാഗ്‌രാജിന് സമീപത്തുളള വിമാനത്താവളങ്ങളിലേക്കുളള വിമാനങ്ങളുടെ എണ്ണം കമ്പനികൾ വർധിപ്പിച്ചിരുന്നു. ഒപ്പം നിരക്കുകളിലും വർദ്ധനവ് വരുത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തോടെ നിരക്കുകളിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജ് റൂട്ടിലുളള ടിക്കറ്റ് നിരക്ക് മുൻപ് 29000 രൂപ വരെയായിരുന്നെങ്കിൽ, നിലവിൽ അവ 10000 രൂപ വരെ കുറഞ്ഞിട്ടുണ്ട്.

ഇൻഡിഗോ, ആകാശ എയർലൈൻസ് തുടങ്ങിയ കമ്പനികളാണ് ഈ പാതയിൽ കൂടുതൽ വിമാനസർവീസുകൾ നടത്തുന്നത്. എയർ ഇന്ത്യയും ഉടൻ തന്നെ ഈ പാതയിൽ വിമാന സർവീസ് ആരംഭിക്കാനിരിക്കുകയാണ്.

Content Highlights: Airlines to cut 50% fare at prayagraj route

dot image
To advertise here,contact us
dot image