
ന്യൂഡൽഹി: രാജ്യത്തെ ഗിഗ് തൊഴിലാളികൾക്ക് ബജറ്റിൽ കരുതൽ. ഓൺലൈൻ പ്ലാറ്റ് ഫോം കരാർ ജീവനക്കാർക്കുൾപ്പെടെ രജിസ്ട്രേഷൻ ഉറപ്പാക്കും. ഇശ്രം പോർട്ടൽ വഴി ലൈസൻസ് നൽകും. കൂടാതെ പിഎം ജൻ ആരോഗ്യയോജന വഴി മെഡിക്കൽ സഹായവും ഉറപ്പാക്കും. ഒരുകോടി ഗിഗ് ജോലിക്കാർക്ക് പദ്ധതി ഗുണം ചെയ്യും.
പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ 2020-ൽ ഇറക്കിയ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്. ഗിഗ് മേഖലയെ ജീവനോപാധിയായി സ്വീകരിച്ചവർക്ക് മുന്നിൽ വലിയ അരക്ഷിതാവസ്ഥയാണ് നലനിൽക്കുന്നത്. അവർക്ക് ഈ പദ്ധതി ഗുണകരമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
അതേസമയം, കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയർ വർഗ്ഗങ്ങളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകുമെന്നുമാണ് പ്രഖ്യാപനം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.
ബിഹാറിൽ മഖാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കും. വിളഗവേഷണത്തിന് പദ്ധതി രൂപീകരിക്കുമെന്നും പ്രഖ്യാപനം.
പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. കിസാൻ ക്രഡിറ്റ് കാർഡ് വഴിയുളള ലോൺ പരിധി ഉയർത്തി. മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കിയാണ് ഉയർത്തിയത്.
പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങിയത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു.
ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഗാർഹിക വികാരം ഉയർത്തുക, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ അഞ്ച് കാര്യങ്ങൾ പ്രധാന ലക്ഷ്യമായി ധനമന്ത്രി പറഞ്ഞു.
Content Highlights: Identity cards and registration will be issued to gig workers