പൊലീസ് മസാജില്‍ മുഴുകി, പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു; സംഭവം ഭോപ്പാലില്‍

സ്പാ സെന്ററിലെ സിസിടിവി ദൃശ്യത്തില്‍ നിന്നുമാണ് പൊലീസിന്റെ ഗുരുതര കൃത്യവിലോപം പുറത്ത് അറിയുന്നത്

dot image

ഭോപ്പാല്‍: സ്പാ സെന്ററില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്ത്‌കൊണ്ടിരിക്കേ കവര്‍ച്ചാ കേസ് പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജ്വയിനിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയോടൊപ്പം സ്പാ സെന്ററിലെത്തിയത്. തുടര്‍ന്ന് സ്പായില്‍ മുഴുകിയിരിക്കെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ രോഹിത് ശര്‍മയും സ്പാ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. സ്പാ സെന്ററിലെ സിസിടിവി ദൃശ്യത്തില്‍ നിന്നുമാണ് പൊലീസിന്റെ ഗുരുതര കൃത്യവിലോപം പുറത്ത് അറിയുന്നത്.

മദ്യക്കമ്പനി ജീവനക്കാരെ തോക്കിന്‍ മുനയില്‍നിര്‍ത്തി 18 ലക്ഷം കവര്‍ന്ന കേസിലെ പ്രതികളിലൊരാളാണ് രോഹിത് ശര്‍മ്മ. 2024 ഡിസംബര്‍ 25ന് ഉജ്ജ്വയിന്‍ ജില്ലയിലെ നാഗദ പട്ടണത്തിലെ മദ്യക്കമ്പനിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ ജീവനക്കാരെ തോക്കുചൂണ്ടി 18 ലക്ഷം രൂപയുമായി കടന്നതാണ് കേസ്. സംഭവത്തില്‍ രോഹിത് ശര്‍മ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി അഞ്ചിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ രോഹിത് ശര്‍മയ്ക്ക് കാലിന് പരുക്കേറ്റു. തുടര്‍ന്ന് ചികിത്സിക്കാന്‍ വേണ്ടി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജയില്‍ ഗാര്‍ഡുമാരായ രാജേഷ് ശ്രീവാസ്തവയും നിതിന്‍ ദലോഡിയയും രോഹിത് ശര്‍മയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ സമയം കഴിഞ്ഞിട്ടും രോഹിത് ശര്‍മ്മയെ തിരിച്ചെത്തിച്ചില്ല. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ജയില്‍ ഗാര്‍ഡുമാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പക്ഷേ, ഇരുവരുടെയും മറുപടിയില്‍ സംശയം തോന്നിയ അധികൃതര്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും 12.30ഓടെ ഇവര്‍ പ്രതിയുമായി ആശുപത്രിയില്‍ നിന്നിറങ്ങിയതായി തെളിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ഗാര്‍ഡുമാര്‍ ഇയാളുമായി സ്പാ സെന്ററിലേക്ക് പോയ വിവരം അറിയുന്നത്. പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് പകരം ജയില്‍ ഗാര്‍ഡുകള്‍ ചേര്‍ന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്പാ സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടുവെന്ന് മനസിലായി.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് ജയില്‍ ഗാര്‍ഡുകള്‍ക്കെതിരെയും രോഹിത് ശര്‍മ്മയ്‌ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് ജയില്‍ ഗാര്‍ഡുമാരെയും സസ്പെന്‍ഡും ചെയ്തു. രോഹിത് ശര്‍മയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാണ്.

Content Highlights: Police went spa with thief then he escaped

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us