'ബുള്ളറ്റ് മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം'; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി

'കേന്ദ്ര സർക്കാരിന് ആശയ പാപ്പരത്തം'

dot image

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ബുള്ളറ്റ് മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം എന്ന് വിമർശനം.ആഗോള അനിശ്ചിതത്വത്തിനിടയിൽ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാരിന് ആശയ പാപ്പരത്തമാണ് എന്നും രാഹുൽ വിമർശിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.

കേന്ദ്ര ബജറ്റിനെതിരെ കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എൻഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിന് കേന്ദ്രം വാരിക്കോരി കൊടുത്തു. മറ്റൊരു സഖ്യകക്ഷിയായ ആന്ധ്രപ്രദേശിനെ അവ​ഗണിച്ചുവെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. ബജറ്റിൽ തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമേയുളളൂവെന്ന് കെ സി വേണു​ഗോപാൽ എം പിയും പ്രതികരിച്ചു.

രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും ബജറ്റിലില്ലെന്നും കെ സി വേണു​ഗോപാൽ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണിത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായില്ല. മിനിമം താങ്ങുവിലയ്ക്ക് നടപടിയില്ല. മുണ്ടക്കൈ-ചുരൽമല ദുരന്തത്തെ കേന്ദ്രം അവഗണിച്ചു. വയനാട് കേരളത്തിൽ ആയതുകൊണ്ടാണോ കേന്ദ്രം അവഗണിക്കുന്നത്, കേരളം ഇന്ത്യയിലാണെന്ന് അംഗീകരിക്കണമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

രാജ്യത്തിന്റെ ഖജനാവിന്റെ വലിയൊരു ഭാ​ഗം ചില ശതകോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തളളുന്നതിനാണ് ചെലവഴിക്കുന്നതെന്ന് എഎപി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. യഥാർത്ഥത്തിൽ ഇടത്തരക്കാരുടെ വാഹനവായ്പകളും ഭവന വായ്പകളും എഴുതിത്തളളണം, കർഷകരുടെ വായ്പകൾ എഴുതിത്തളളണം. ആദായ നികുതി, ജിഎസ്ടി നികുതി നിരക്കുകൾ പകുതിയായി കുറയ്ക്കണം. ഇത് ചെയ്യാത്തതിൽ എനിക്ക് സങ്കടമുണ്ടെന്നും കെജ്‌രിവാള്‍ ബജറ്റിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

Content Highlights: Rahul Gandhi Against Union Budget 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us