
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട്. ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി അഞ്ചിനാണ് 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.
വാശിയേറിയ പ്രചാരണമാണ് രാജ്യതലസ്ഥാനത്ത് നടന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ ചുമലിലേറി ഒരു ഭരണത്തുടർച്ചയാണ് ആം ആദ്മി ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ മുൻപത്തെ തിരഞ്ഞെടുപ്പുകൾ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു.
ഇൻഡ്യ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഇരു പാർട്ടികളും കനത്ത വാദപ്രതിവാദങ്ങൾ പ്രചാരണത്തിനിടെ ഉയർത്തിയിരുന്നു. കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആൾ എന്ന നിലയിൽ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതടക്കം നിരവധി സംഭവങ്ങൾ പ്രചാരണത്തിനിടെയുണ്ടായി. യമുന നദി വിവാദം തുടങ്ങി നിരവധി ആരോപണങ്ങൾ ബിജെപിയും ആം ആദ്മിക്ക് നേരെ ഉയർത്തിയിരുന്നു.
Content Highlights: Delhi election campaigning end today