
ബാംഗ്ലൂർ: ബാംഗ്ലൂരിൽ കോളേജ് വിദ്യാർത്ഥികളുടെ മുറിയിൽ അതിക്രമിച്ചു കയറി പണം തട്ടിയ ഹോം ഗാർഡ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജനുവരി 25 ന് പുലർച്ചെയാണ് സുരേഷ് കുമാർ (40) എന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന എംഎസ് രാമയ്യ നഗറിലെ വിദ്യാർഥികളുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയത്. മലയാളിയായ ബി എസ് സി വിദ്യാർഥിനി ഉൾപ്പടെ മൂന്നുപേർ താമസിച്ചിരുന്ന മുറിയിൽ നിന്നും നിരന്തരം ശല്യമുണ്ടാകുന്നു എന്നും അത് അന്വേഷിക്കാനാണ് താൻ എത്തിയതെന്നും പറയുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, സുരേഷ് കുമാർ വാതിലിൽ മുട്ടി, വിദ്യാർത്ഥികളിൽ ഒരാൾ വാതിൽ തുറന്നപ്പോൾ, അവരുടെ മുറിയിൽ നിന്ന് ശല്യമുണ്ടായതായി പരാതി ലഭിച്ചതായി വ്യാജമായി അവകാശപ്പെട്ടു. തുടർന്ന് അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ച് താമസക്കാരോട് മോശമായി പെരുമാറുകയും തുടർന്ന് അവരെ ഭീഷണിപ്പെടുത്തുകയും പ്രതി 5,000 രൂപ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.
പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥി പുറത്തുള്ള മറ്റൊരു സുഹൃത്തിന് വിഷയത്തെ പറ്റി സന്ദേശം അയച്ചു.ഉടൻ തന്നെ സുഹൃത്ത് സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴാണ് വിദ്യാർഥികൾ തങ്ങൾക്ക് പറ്റിയ അക്കിടി മനസ്സിലാക്കിയത്. ഇത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ല എന്നും ആറ് മാസം മുമ്പ് തന്നിൽ നിന്ന് പണം തട്ടിയ അതേ ആളാണ് ഇതെന്നും പുറത്ത് നിന്ന് വന്ന സുഹൃത്ത് ഉടൻ തന്നെ തിരിച്ചറിഞ്ഞു.
തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ ഉടൻ തന്നെ പോലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. തുടർന്ന് പൊലീസെത്തി സുരേഷ് കുമാറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
contenthighlights : Home Guard arrested for extorting college students in bengaluru