നൂറാം ദൗത്യത്തിൽ പ്രതിസന്ധി: എന്‍വിഎസ് രണ്ടിന് സാങ്കേതിക തകരാർ; ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാൻ ഐഎസ്ആര്‍ഒ

ജനുവരി 29നായിരുന്നു എൻവിഎസ് 2ന്റെ വിക്ഷേപണം

dot image

ബെംഗളൂരു: ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്‌ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ് രണ്ട് ദൗത്യത്തിന് തിരിച്ചടി. ഉപഗ്രഹത്തിന്റെ ത്രസ്റ്ററുകള്‍ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ ഭ്രമണപഥം ഉയര്‍ത്തല്‍ പ്രതിസന്ധിയിലായി. ഇതോടെ നിലവിലെ ഭ്രമണപഥത്തിൽ തുടരുകയാണ് എൻവിഎസ് 2. പ്രതിസന്ധി പരിഹരിക്കാൻ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ് എന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ജനുവരി 29നായിരുന്നു എൻവിഎസ് 2ന്റെ വിക്ഷേപണം. രാവിലെ 6.23 ന് സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ​ഗതിനിർണയ ഉപ​ഗ്രഹമായ ജിഎസ്എൽവി–എഫ്15 എൻവിഎസ് 02 കുതിച്ചുയർന്നത്.

വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.

രാജ്യവും, അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും എൻവിഎസിന്റെ പരിധിയിൽ വരും. എൻവിഎസ്- 01 കഴിഞ്ഞ വർഷം മേയിൽ വിക്ഷേപിച്ചിരുന്നു. ഐ എസ് ആർ ഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയായിരുന്നു ഇത്.

Content Highlights: NVS 2 Satelite in a crisis

dot image
To advertise here,contact us
dot image