ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾക്കെതിരെ രംഗത്തെത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മേധാവി നഥാൻ ആൻഡേഴ്സൺ. ഹിൻഡൻബർഗ് നിർത്തലാക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഭീഷണിയാണെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി നഥാൻ രംഗത്തെത്തിയത്. തീരുമാനത്തിന് പിന്നിൽ ഭീഷണിയില്ലെന്ന് വ്യക്തമാക്കിയ നഥാൻ, അദാനി ഗ്രൂപ്പിനെതിരായ ആരോപണം ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി. പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
കോർപറേറ്റ് ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്ന പേരിൽ പ്രചാരം നേടിയ അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് ഉണ്ടാകുന്നത് മാധ്യമങ്ങൾ ഗ്രൂപ്പിനെതിരെ ഉയർത്തിക്കാട്ടിയ ആപൽസൂചകങ്ങളിൽ നിന്നാണ്. ആരോപണങ്ങൾ പലപ്പോഴായും ഉയർന്നെങ്കിലും അദാനി ഗ്രൂപ്പ് അവയെല്ലാം തള്ളുകയായിരുന്നു. ഹിൻഡൻബർഗിനെ ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളായ ജോർജ് സോറോസ്, ഒസിസിആർപി തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമങ്ങൾ നടത്തിയിരുന്നു. അത്തരം ശ്രമങ്ങളെ മണ്ടൻ ഗൂഢാലോചയെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂവെന്നും നഥാൻ പ്രതികരിച്ചു.
ഹിൻഡൻബർഗ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിൽ നിയമ ഭീഷണികളോ, ആരോഗ്യ പ്രശ്നങ്ങളോ, മറ്റ് പ്രതിസന്ധികളോ ഇല്ല. ജോലിക്ക് ആവശ്യമായ ശ്രദ്ധയും തീവ്രതയും മൂലം ജീവിതത്തിലെ മറ്റ് പല കാര്യങ്ങളും നഷ്ടപ്പെടുത്തേണ്ടി വരികയായിരുന്നുവെന്നും നഥാൻ പറഞ്ഞു. പ്രവർത്തനം നിർത്തുന്നതിന് പകരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഹിൻഡൻബർഗ് എന്ന പേര് തൻ്റെ പേരിനോട് ഇഴചേർന്നിരിക്കുന്നുവെന്ന് നഥാൻ പറഞ്ഞു. പുതിയ മറ്റൊരു ബ്രാൻഡ് തന്റെ സഹപ്രവർത്തകർ ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിൻഡൻബർഗ് റിസർച്ചിന്റെ തുടക്കം
2017ലാണ് നഥാൻ ഹിൻഡൻബർഗ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്. പ്രമുഖ സ്ഥാപനങ്ങളിലുൾപ്പെടെ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടതോടെ ഹിൻഡൻബർഗ് ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ബാക്കിപത്രമായിരുന്നു അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടും. ഹിൻഡൻബർഗിന്റെ പ്രവർത്തനങ്ങൾ ഓഹരി വിപണിയിലുൾപ്പെടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പതിനാറോളം സ്ഥാപനങ്ങൾക്കെതിരെയാണ് ഹിൻഡൻബർഗ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി കമ്പനികൾക്ക് കോടികളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട്
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ തട്ടിപ്പ്, ഓഹരി ക്രമക്കേട് എന്നിവ ആരോപിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവുണ്ടാക്കിയിരുന്നു. ഗൗതം അദാനിയുടെ വ്യക്തിഗത സമ്പത്തിൽ 100 ബില്യനിലധികം ഡോളറിന്റെ നഷ്ടമാണുണ്ടായത്. 2023 ജനുവരി 24ന് 19.19 ലക്ഷം കോടി രൂപയായിരുന്ന 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം, ഫെബ്രുവരി 27ന് 7 ലക്ഷം കോടി രൂപയ്ക്ക് താഴെയായി. ഹിൻഡൻബർഗോ അല്ലെങ്കിൽ മറ്റുള്ളവരോ പറയുന്ന ആരോപണങ്ങൾ ശരിയായി പരിശോധിക്കാതെ തെളിവായി ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട്. ഇതോടെയാണ് അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ ക്രമേണ തിരിച്ചുകയറിയത്.
Content Highlight: Nathan Anderson, founder of Hindenburg Research reveals reason behind its closure