ബെംഗളൂരു: മോഷണത്തിലൂടെ മൂന്ന് കോടി തട്ടിയെടുത്ത കള്ളൻ പിടിയിൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാള്‍ തൻ്റെ കാമുകിക്ക് മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. പൊലീസ് കണ്ടെത്തൽ പ്രകാരം പ്രമുഖയായ സിനിമ നടിയാണ് കാമുകി. 37 വയസ്സുകാരനായ പഞ്ചാക്ഷരി സ്വാമിയാണ് മോഷണത്തിന് പിടിയിലായത്. ബെംഗളൂരുവിലെ മഡിവാല പൊലീസ് ഏറെ നാളായി ഇയാൾക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയായ ഇയാൾ 2003 മുതൽ മോഷണം ആരംഭിച്ചതായി പറയുന്നു.
പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ മോഷണം ആരംഭിച്ച ഇയാൾ 2009 ആയപ്പോഴേക്കും മോഷണം തൊഴിലാക്കി. ഇത്തരത്തിൽ മോഷണത്തിലൂടെ കോടികണക്കിന് സ്വത്താണ് ഇയാൾ സമ്പാദിച്ചത്. 2014-15 മുതൽ ഇയാൾ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാവുകയും ചോദ്യം ചെയ്യലിൽ കോടികൾ ഈ നടിക്കായി ചെലവാക്കിയതായും ഇയാൾ പറയുന്നു. ഇത്തരത്തിലാണ് നടിക്കായി ഇയാൾ മൂന്ന് കോടിയുടെ വീട് കൊൽക്കത്തയിൽ പണിയുന്നത്. ഇത് കൂടാതെ 22 ലക്ഷം രൂപയുടെ ആഡംബര അക്വേറിയവും ഇയാൾ സമ്മാനിക്കുകയായിരുന്നു.
2016 ൽ ഇയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും, 6 വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ശിക്ഷ പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. പിന്നീട് മുബൈ പൊലീസും ഇയാളെ സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 2024 ൽ ജയിൽ മോചിതനായ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
ഈ കഴിഞ്ഞ ജനുവരിയിൽ ഇയാൾ മഡിവാലയിലെ ഒരു വീട്ടിൽ മോഷണത്തിന് എത്തിയപ്പോഴാണ് പൊലീസ് രഹസ്യ വിവരത്തെ തുടർന്നെത്തി അറസ്റ്റ് ചെയ്തത് . ഇയാളുടെ സോളാപുരിലെ വീട്ടിൽ നിന്ന് പൊലീസ് 181 ഗ്രാം സ്വർണ്ണ ബിസ്ക്കറ്റുകളും 333 ഗ്രാം വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. മോഷണത്തിലൂടെ കിട്ടുന്ന സ്വർണം ഇയാൾ ഉരുക്കി സ്വർണ്ണ ബിസ്ക്കറ്റുകളാക്കിയാണ് മാറ്റാറുള്ളത്.
content highlight-Thief built a house worth 3 crores, the police said that his girlfriend is a leading actress