ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലെ കോവില്‍പ്പുലികുത്തിയിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
മോഹന്‍രാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. കെമിക്കല്‍ മിക്സിങ്, ഡ്രൈയിങ്, പാക്കേജിങ് എന്നിവയിലായി നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് സംഭവം നടന്നത്. ഫാന്‍സി പടക്കങ്ങള്‍ തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അധികൃതര്‍ കരുതുന്നത്. ഷോക്ക്വേവ് കിലോമീറ്ററുകള്‍ അകലെ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സത്തൂരില്‍ നിന്നും ശിവകാശിയില്‍ നിന്നുമുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വച്ചക്കരപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍ നിര്‍ണയിക്കാന്‍ സ്ഥാപനത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
Content Highlights- one died a blast at firecracker factory in Tamil Nadu's Virudhanagar