205 ഇന്ത്യക്കാരുമായി യുഎസ് വിമാനമെത്തി; നാടുകടത്തിയത് വിലങ്ങ് അണിയിച്ചെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ്

വിമാനത്തിൽ വന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു

dot image

അമൃത്സർ: 205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം അമൃത്സർ വിമാനത്താവളത്തിലെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ വന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. ഇവർക്കായി പ്രത്യേക കൗണ്ടർ വിമാനത്താവളത്തിൽ തുറന്നിട്ടുണ്ട്.

അതേസമയം ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ കുടിയേറ്റക്കാരെ കൈവിലങ്ങ് അണിയിച്ച് അമേരിക്ക നാടുകടത്തി എന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ കൈവിലങ്ങിട്ട് അപമാനിക്കുന്ന ചിത്രങ്ങൾ സങ്കടപ്പെടുത്തുന്നത് എന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു. യുപിഎ ഭരണ കാലത്ത് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക വിലങ്ങുവെച്ച സംഭവം ഓർമിപ്പിച്ചാണ് വിമർശനം. അന്ന് യുപിഎ സർക്കാർ സ്വീകരിച്ച കാര്യങ്ങൾ പവൻ ഖേര അക്കമിട്ട് നിരത്തുകയും ചെയ്തു. യുഎസ് ഭരണകൂടം ഒടുവിൽ ഖേദം പ്രകടിപ്പിച്ചതും പവൻ ഖേര ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണഘൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുളള കുടിയേറ്റക്കാരെ മടക്കി അയച്ചത്. ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള 18000 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് തന്നെ നാടുകടത്തും. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ കുടിയൊഴിപ്പിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നിലവിൽ നാടുകടത്തുന്നത്. സി-7 എയര്‍ക്രാഫ്റ്റിലാണ് അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത്.

പ്യൂ റിസര്‍ച്ച് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.

Content Highlights: us c 17 military plane carrying 205 deported indians land in amritsar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us