പാൽഘർ: മഹാരാഷട്രയിലെ പാൽഘറിൽ നായാട്ടിനിടെ സുഹൃത്തുക്കൾ കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചിട്ടത് ഉറ്റ സുഹൃത്തിനെ. സുഹൃത്തുക്കൾക്കൊപ്പം പോയ ഭർത്താവിനെ കാണാതായതോടെ ഭാര്യ നൽകിയ പരാതിയിലാണ് കൊലപാതകം ചുരുളഴിയുന്നത്. രമേഷ് വർത്തായെന്ന യുവാവാണ് നായാട്ടിനിടെ കൊല്ലപ്പെട്ടത്.
ജനുവരി 28 നായിരുന്നു ഷാഹാപുരിൽ നിന്ന് പന്ത്രണ്ടംഗ സംഘം വേട്ടയ്ക്കായി പോയത്. ഇതിന് മുന്നോടിയായി രമേഷിനേയും സംഘം നായാട്ടിന് ക്ഷണിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വരാമെന്നായിരുന്നു രമേഷ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം രമേഷ് സുഹൃത്തുക്കൾക്കടുത്തേയ്ക്ക് നായാട്ടിനായി പോയി. ഇതിനിടെ കാലടി ശബ്ദം കേട്ട് കാട്ടുപന്നിയാണെന്ന് കരുതി സുഹൃത്തുക്കളിൽ ഒരാൾ വെടിയുതിർത്തു. എന്നാൽ വെടികൊണ്ടത് രമേഷിനായിരുന്നു. ഭയന്നുപോയ സംഘം രമേഷിൻ്റെ മൃതദേഹം പ്രദേശത്തുള്ള ഒരു മരത്തിന് താഴെ ഒളിപ്പിച്ചു. സംഭവം ആരും അറിയാതിരിക്കാൻ സംഘം പരമാവധി ശ്രമിച്ചു.
നായാട്ടിന് പോയാൽ സംഘം വരുന്നത് ദിവസങ്ങൾ കഴിഞ്ഞായതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും രമേഷ് വരാതായതോടെ ഭാര്യക്ക് സംശയമായി. ഇക്കഴിഞ്ഞ തിങ്കളാള്ച ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രമേഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം ചുരുളഴിയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സാഹർ ഹാദർ എന്നയാളാണ് രമേഷിനെ അബദ്ധത്തിൽ വെടിയുതിർത്തതെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ രമേഷിന്റെ മൃതദേഹം ഒളിപ്പിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുത്തു. സംഭവത്തിൽ 12 പേർക്കെതിരെ നരഹത്യാക്കുറ്റമടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
content highlight- He shot his best friend thinking it was a wild boar, hid the body and was finally arrested