![search icon](https://www.reporterlive.com/assets/images/icons/search.png)
പാട്ന: ബിഹാറിൽ വിവാഹ മോചനത്തിനാവശ്യപ്പെട്ടതിന് പ്രതികാരമായി ഭാര്യയുടെ പേരിലുള്ള ബൈക്കിൽ നിയമലംഘനം പതിവാക്കി ഭർത്താവ്. യുവതിയുടെ പിതാവ് സ്ത്രീധനമായി നൽകിയ ബൈക്കിലാണ് ഭർത്താവ് നിയലംഘനം നടത്തുന്നത്. ബിഹാറിലെ മുസാഫർപുരിയിലെ കാസി മുഹമ്മദ്പുരിലാണ് സംഭവം.
ഒരു വർഷം മുൻപ് നടന്ന വിവാഹത്തിൻ്റെ ഭാഗമായി വധുവിൻ്റെ പിതാവ് നൽകിയ ബൈക്ക് രജിസ്റ്റർ ചെയ്ത് നൽകിയിരുന്നത് യുവതിയുടെ പേരിലായിരുന്നു. വിവാഹത്തിന് ശേഷം ഒന്നര മാസം കഴിഞ്ഞത് മുതൽ ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായി. ബന്ധത്തിലെ വിള്ളലിനെ തുടർന്ന് യുവതി വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. പിന്നാലെ വിവാഹ മോചനത്തിന് യുവതി കോടതിയെ സമീപ്പിച്ചു. യുവതിയുടെ ഈ പ്രവർത്തി ഇഷ്ടമാകാതെ വന്ന ഭർത്താവ് പ്രതികാരമെന്നോണം സ്ത്രീധനമായി കിട്ടിയ ബൈക്കിൽ മനപ്പൂർവം നിയമ ലംഘനങ്ങൾ നടത്തി.
നിയമലംഘനങ്ങളെ തുടർന്ന് പിഴയായി വരുന്ന ട്രാഫിക് ചെലാനുകൾ യുവതിയുടെ ഫോണിലേക്ക് അറിയിപ്പായി എത്തിയിരുന്നു. ആദ്യമൊക്കെ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയമലംഘനം പതിവായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ വണ്ടി തിരികെ നൽകാൻ ഇയാൾ തയ്യാറായിട്ടില്ല.. നിലവിൽ യുവതി പട്ന ട്രാഫിക് പൊലീസിൽ പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ്. എന്നാൽ വിവാഹ മോചന വിധി വരാതെ താൻ വണ്ടി തിരികെ നൽകില്ലെന്നാണ് യുവാവിൻ്റെ പക്ഷം.
Content highlight- The husband did not like her seeking divorce, and in revenge, the husband violated the law on the bike in the name of the young woman